പരസ്പരം ചുമതലകൾ പങ്കുവെച്ചു, വ്യക്തികളോ, അവരുടെ കുട്ടികളോ അല്ലെങ്കിൽ കുട്ടികൾ ഇല്ലാതെയോ ഒന്നിച്ചു ജീവികുന്നതിനെ കുടുംബം എന്ന് പറയുന്നു. ട്രാൻസ് ജെൻഡർ ആളുകളും മറ്റു ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളും ഇന്ന് കുടുംബമായി ജീവിക്കുന്നു. മനുഷ്യർ ഗോത്രങ്ങളായി ജീവിക്കാൻ തുടങ്ങിയ ആദിമകാലം മുതൽക്കേ ആരംഭിച്ച ഒന്നാണ് കുടുംബം. സ്വകാര്യ സ്വത്തിന്റെ പരമ്പരാഗതമായ പങ്കുവെയ്പ്പ് ഇതിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. ജീവജാലങ്ങളിൽ മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കും കുടുംബമുണ്ട്. സാധാരണ ഗതിയിൽ കുടുംബം എന്നാൽ മാതാവ്, പിതാവ്, ഒരു കുട്ടി എന്നിവരടങ്ങുന്നതാണ്. ഇങ്ങനെയുള്ള ചെറിയ കുടുംബങ്ങളെ അണുകുടുംബമെന്ന് പറയുന്നു. മുൻ കാലങ്ങളിൽ മാതാപിതാക്കളും സഹോദരങ്ങളും മക്കളും അവരുടെ മക്കളും മറ്റു ബന്ധുക്കളും ചേർന്നതായിരുന്നു; ഇത്തരം അനേകം ചെറുകുടുംബങ്ങൾ ചേർന്ന ഒന്നാണ് കൂട്ടുകുടുംബം.

ജോർജ്ജിയയിലെ കവിയായ വാഹ ഷാവേലയുടെ കുടുംബം (നടുക്ക് ഇരിക്കുന്നു)

സാമൂഹികവും മതപരവും ഗോത്രീയവുമായ ഇടപെടലുകളും ഇടപഴകലും ചേർന്നതാണ് കുടുംബ ജീവിതം. വിവാഹം ഇതിന്റെ ആദ്യപടിയാണെന്ന് പറയാം. ഓരോ വംശപരമ്പരയിലും ഓരോ കുടുംബരീതികൾ അനുവർത്തിക്കുന്നു. ഓരോ ദേശത്തും കുടുംബത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളിൽ വ്യതാസങ്ങൾ കാണാം. മതങ്ങളും ഗോത്രങ്ങളും ഇക്കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പുരുഷാധിപത്യ സമൂഹങ്ങളിൽ മിക്ക കുടുംബങ്ങളിലും പുരുഷൻ ആവും അധികാര സ്ഥാനം കയ്യാളുന്നത്. ഇദ്ദേഹത്തെ 'ഗൃഹനാഥൻ' എന്ന് വിളിക്കുന്നു. എന്നാൽ ചില സമൂഹങ്ങളിൽ അമ്മമാർക്ക് ആവും പ്രാധാന്യം. താവഴി പാരമ്പര്യം ഉള്ള കുടുംബങ്ങൾ ഇതിന്‌ ഉദാഹരണമാണ്. അങ്ങനെ 'ഗൃഹനാഥയ്ക്ക്' പ്രാധാന്യം കൈവരുന്നു. ആധുനിക പരിഷ്കൃത സമൂഹങ്ങളിൽ ലിംഗ ലൈംഗിക വ്യത്യാസങ്ങൾക്ക് ഉപരിയായി തുല്യതയിൽ ഊന്നിയ കുടുംബ സംവിധാനങ്ങൾ കാണാം. വികസിത രാജ്യങ്ങളിൽ ഇത് സാധാരണമാണ്.

ഇന്നത്തെ കാലഘട്ടത്തിൽ, വിവാഹം എന്ന ഉടമ്പടിയിൽ വിശ്വസിക്കാത്തവരും, കുട്ടികളെ ദത്തെടുത്തു കുടുംബം ആയി ജീവിക്കുന്നവരും ഒരുപാടുണ്ട്. ചിലർ കുടുംബം എന്ന ആശയത്തിന് ബദലായി 'സംഘജീവിതം' എന്ന കൂട്ടായ ജീവിതം നയിക്കാറുണ്ട്. മറ്റു ചിലർ ലിവിങ് ടുഗെതർ അഥവാ സഹജീവനം തുടങ്ങിയ രീതികൾ തിരഞ്ഞെടുക്കുന്നു. പല രാജ്യങ്ങളിലും സ്വർഗാനുരാഗികൾ വിവാഹം ചെയ്ത് കുടുംബമായി ജീവിക്കാറുണ്ട്. ഇവർ കുട്ടികളെ ദത്തെടുക്കുകയോ, വാടക ഗർഭപാത്രം, കൃത്രിമ ബീജസങ്കലനം വഴിയോ പ്രത്യുത്പാദനം നടത്തി വരുന്നു.

മൃഗങ്ങൾ അവയുടെ ജനുസ്സുകൾക്കനുസരിച്ച് ഓരോ കുടുംബങ്ങളായി കരുതിപ്പോരുന്നു. ശാസ്ത്രീയ വർഗ്ഗീകരണത്തിലും ജന്തു കുടുംബമെന്നു പറയാറുണ്ട്.

"https://ml.wikipedia.org/w/index.php?title=കുടുംബം&oldid=3986578" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES