ബൗദ്ധദർശനം

(Buddhist philosophy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്തുവിനു മുൻപ് ആറാം ശതകത്തിൽ ജീവിച്ചിരുന്ന ഗൗതമബുദ്ധന്റെ പ്രബോധനങ്ങളിൽ നിന്ന് ഉത്ഭവിച്ചതും വേദങ്ങളെ പ്രമാണങ്ങളായി അംഗീകരിക്കാത്തതും ആയ (നാസ്തികമായ,Heterodox) പ്രധാനപ്പെട്ട ഒരു ഭാരതീയതത്ത്വചിന്താധാരയാണ് ബുദ്ധദർശനം.

ഇരിക്കുന്ന ബുദ്ധൻ, ചൈനയിലെ ടാംഗ് വംശത്തിലെ ഹേബീ പ്രവിശ്യയിൽ നിന്നും

മനുഷ്യജീവിതത്തിൽ ദുഃഖങ്ങൾക്കു കാരണമെന്ത്, അവയ്ക്ക് എന്തു പരിഹാരമുണ്ട് എന്നുള്ള അന്വേഷണങ്ങൾക്കൊടുവിൽ‌ ഗൌതമബുദ്ധനു ലഭിച്ച ജ്ഞാനദർശനങ്ങളാണ് ഈ ദർശനധാരയുടെ ആധാരം. ആദ്യകാലത്ത്, വാമൊഴിയായി പ്രചരിച്ചിരുന്ന ബുദ്ധന്റ പ്രഭാഷണങ്ങളും സം‌വാദങ്ങളും പിന്നീട് ‘ത്രിപിടക’ങ്ങൾ എന്ന പേരിൽ ഗ്രന്ഥങ്ങളായി, പാലി ഭാഷയിൽ സമാഹരിക്കപ്പെട്ടു. അവയിൽ, ‘അഭിധമ്മപിടക’ ത്തിലാണ് തത്ത്വദർശനങ്ങൾ പ്രധാനമായി വിവരിച്ചിരിക്കുന്നത്. എങ്കിലും ‘സുത്തപിടക’ത്തിലും ‘വിനയപിടക’ത്തിലും, ബുദ്ധദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.

കാലക്രമേണ, ബുദ്ധമതവും ദർശനങ്ങളും ഏഷ്യയിലാകമാനം പ്രചരിക്കുകയും അതിന് ധാരാളം അനുയായികൾ ഉണ്ടാവുകയും ചെയ്തു. ഓരോരോ പ്രദേശത്ത് ബുദ്ധമതം സ്വീകരിച്ചവരുടെ ആദിമവിശ്വാസങ്ങളും ചിന്തകളും ബുദ്ധദർശനത്തെ സ്വാധീനിക്കുകയും, വിവിധ ശാഖകളായി വളരുകയും വികസിക്കുകയും ചെയ്തു. ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദർശനത്തിലുണ്ട്. അനവധി ഭാഷകളിൽ, അതിവിപുലമായ കൃതികൾ ബുദ്ധദർശനത്തിലുണ്ട്.

 
ബുദ്ധമതം
എന്ന  പരമ്പരയുടെ  ഭാഗം 


ചരിത്രം

ധാർമ്മിക മതങ്ങൾ
ബുദ്ധമതത്തിന്റെ നാഴികകല്ലുകൾ
ബൗദ്ധ സഭകൾ

സ്ഥാപനം

ചതുര സത്യങ്ങൾ
അഷ്ട വിശിഷ്ട പാതകൾ
പഞ്ച ദർശനങ്ങൾ
നിർ‌വാണം· ത്രിരത്നങ്ങൾ

പ്രധാന വിശ്വാസങ്ങൾ

ജീവൻറെ മൂന്ന് അടയാളങ്ങൾ
സ്കന്ദർ · Cosmology · ധർമ്മം
ജീവിതം · പുനർ‌ജന്മം · ശൂന്യത
Pratitya-samutpada · കർമ്മം

പ്രധാന വ്യക്തിത്വങ്ങൾ

ഗൗതമബുദ്ധൻ
ആനന്ദ ബുദ്ധൻ · നാഗാർജ്ജുനൻ
ഇരുപത്തെട്ട് ബുദ്ധന്മാർ
ശിഷ്യന്മാർ · പിൽകാല ബുദ്ധസാന്യാസിമാർ

Practices and Attainment

ബുദ്ധൻ · ബോധിസത്വം
ബോധോദയത്തിന്റെ നാലുഘട്ടങ്ങൾ
Paramis · Meditation · Laity

ആഗോളതലത്തിൽ

തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ
ഇന്ത്യ · ശ്രീലങ്ക · ടിബറ്റ്
പാശ്ചാത്യരാജ്യങ്ങൾ

വിശ്വാസങ്ങൾ

ഥേർ‌വാദ · മഹായാനം · നവായാനം
വജ്രയാനം · ഹീനയാനം · ആദ്യകാലസരണികൾ

ബുദ്ധമത ഗ്രന്ഥങ്ങൾ

പാലി സംഹിത · മഹായാന സൂത്രങ്ങൾ
ടിബറ്റൻ സംഹിത

താരതമ്യപഠനങ്ങൾ
സംസ്കാരം · വിഷയങ്ങളുടെ പട്ടിക
കവാടം: ബുദ്ധമതം

ബുദ്ധനും ദാർശനികനിലപാടുകളും

തിരുത്തുക

ബുദ്ധൻ, ഒരു നീതിബോധകനും പരിഷ്കർത്താവുമായിരുന്നു, തത്ത്വചിന്തകനായിരുന്നില്ല. ദാർശനികപ്രശ്നങ്ങളിൽ അദ്ദേഹം വിമുഖനായിരുന്നു. അപര്യാപ്തമായ തെളിവുകൾ മാത്രമുള്ള പ്രശ്നങ്ങൾക്ക് ഉത്തരമന്വേഷിക്കുന്നത്, കുരുടന്മാർ ആനയെക്കണ്ടതുപോലെയാണ് എന്ന് അദ്ദേഹം കരുതി. അവയുടെ ഉത്തരം അപൂർണ്ണവും പരസ്പരവിരുദ്ധവുമായിരിക്കും. ഇന്ദ്രീയാനുഭവങ്ങളെയും, ആർത്തിയെയും ആഗ്രഹങ്ങളേയും അവരുടെ ഭയങ്ങളെയും ഒക്കെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് അത്തരം ദാർശനികാന്വേഷണങ്ങൾ. അവയൊന്നും മനുഷ്യനെ ദുഃഖങ്ങളിൽ നിന്നു മോചിപ്പിക്കാൻ പര്യാപ്തമല്ല. അത്തരം പ്രശ്ങ്ങൾക്ക് ഉത്തരം അന്വേഷിക്കുന്നവർ സ്വന്തം സിദ്ധാന്തനൂലാമാലകളിൽ കുരുങ്ങിക്കിടക്കുന്നു. താത്വികവിഷയങ്ങളേക്കാൾ പ്രധാനം മനുഷ്യജീവിതത്തിലെ ദുഃഖങ്ങൾക്കു പരിഹാരം കണ്ടെത്തലാണ്. ഇടുപ്പിൽ തുളച്ചു കയറിയ അമ്പു വലിച്ചൂരാൻ നോക്കാതെ, അമ്പിൻറെ ഉറവിടവും ഉടയോനെയും മറ്റും അന്വേഷിക്കുന്നത് പാഴ്‍വേലയാണ്, വിഡ്ഢിത്തമാണ്. പ്രപഞ്ചം ശാശ്വതമോ നശ്വരമോ ? സാന്തമോ അതോ അനന്തമോ ? ആത്മാവും ശരീരവും ഒന്നോ അതോ പലതോ ? എന്നു തുടങ്ങിയ പത്തോളം ദാർശനികപ്രശ്നങ്ങൾ 'അവ്യക്ത'ങ്ങളാണ് എന്നും, അതുകൊണ്ട് അവ ബുദ്ധൻ വ്യകതമാക്കിയിട്ടില്ല എന്നും പ്രതിപാദിച്ചിട്ടില്ല ദർശനകൃതികളിൽ പറയുന്നു. അത്തരം അവ്യക്തപ്രശ്നങ്ങൾ ആലോചിക്കുന്നതിനു പകരം മനുഷ്യൻറെ ജീവിതക്ലേശങ്ങളെക്കുറിച്ചും അവയുടെ നിവാരണമാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചു. അവയാണ്, നാലു ശ്രേഷ്ഠസത്യങ്ങൾ (ചത്വാരി ആര്യസത്യാനി).


നാലു ശ്രേഷ്ഠസത്യങ്ങൾ

തിരുത്തുക

ഒന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതം ദുരിതപൂർണ്ണമാണ്, ദുഃഖമയമാണ്. ജനനം, രോഗങ്ങൾ, നിരാശ, വാർദ്ധക്യം, മരണം (ജരാമരണങ്ങൾ) ഇവയെല്ലാം ആഗ്രഹങ്ങൾ കൊണ്ടുണ്ടാവുന്ന ദുരിതങ്ങളാണ്.

രണ്ടാമത്തെ ശ്രേഷ്ഠസത്യം: ലോകത്തിൽ ഒന്നും തന്നെ അകാരണമായി സംഭവിക്കുന്നില്ല, ഉണ്ടാവുന്നില്ല. ദുരിതങ്ങളും അകാരണമായി സംഭവിക്കുന്നവയല്ല. അവയ്ക്ക് കാരണങ്ങൾ ഉണ്ട്. ഒന്നിനു പുറകിൽ മറ്റോന്നായി, കാരണങ്ങളുടെ ശൃംഖല തന്നെയുണ്ട്. ജനനമാണ് (‘ജാതി’ എന്നു ബൗദ്ധഗ്രന്ഥങ്ങളിൽ) ദുഃഖങ്ങളുടെ കാരണം. ജനിക്കാത്തവന് ദുഃഖങ്ങളില്ല. ജനനത്തിനു കാരണം ജനിക്കാനുള്ള അനുഭാവമാണ് (‘ഭാവം’ എന്നു ബൗദ്ധഗ്രന്ഥങ്ങളിൽ). അതിനു കാരണം ലൌകിക വസ്തുക്കളോടുള്ള ഉപാദാനമാണ് (Mental clinging). സുഖങ്ങളോടുള്ള ‘തൃഷ്ണ’ യാണ് ഉപാദാനം ഉണ്ടാക്കുന്നത്. പൂർവജന്മത്തിലെ ഇന്ദ്രീയസുഖാനുഭവങ്ങളാണ്, സം‌വേദനങ്ങളാണ് (‘വേദന’ ബൗദ്ധചിന്തയിൽ) തൃഷ്ണയ്ക്കു കാരണം. അഞ്ച് ഇന്ദ്രീയങ്ങളും മനസും (‘ഷഡായതന’ങ്ങൾ) ഇല്ലെങ്കിൽ സം‌വേദനം സാധ്യമല്ല. അവയുള്ളത് മനശ്ശരീരമെന്ന ‘നാമരൂപ’ത്തിലാണ് (Mind-Body Organism). ബോധമില്ലാതെ (Consciousness, 'വിജ്ഞാനം' എന്നു ബൗദ്ധചിന്തയിൽ) അപ്രകാരം ഒരു രൂപത്തിന് ജന്മമെടുക്കുവാൻ സാദ്ധ്യമല്ല. പഴയജന്മത്തിലെ ‘സംസ്കാര’മാണ് (Impressions) മാതാവിൻറെ ഉദരത്തിൽ ബോധത്തെ എത്തിക്കുന്നത്. മുജ്ജന്മത്തിലെ അന്ത്യാവസ്ഥയിൽനിന്നാണ് പുതിയൊരു ജന്മമുണ്ടാവുന്നത്. മുജ്ജന്മപ്രവൃത്തികളുടെ പ്രഭാവങ്ങൾ (Effects) സംസ്കാരത്തിൽ ഗാഢരൂപത്തിൽ സ്ഥിതി ചെയ്യുന്നു. സത്യത്തെക്കുറിച്ചുള്ള അവിദ്യയാണ് സംസ്കാരത്തിനു കാരണമാകുന്നത്, പുനർജന്മത്തിനിടയാക്കുന്നത്. ഇപ്രകാരം, പന്ത്രണ്ടോളം കാരണങ്ങൾ (‘ദ്വാദശനിദാന’ങ്ങൾ)ളുടെ ഒരു ശൃംഖലയാണ് പുനർജന്മം ഉണ്ടാക്കുന്നത് എന്നാണ് ബൗദ്ധർ വിശ്വസിക്കുന്നത്. 'പ്രതീത്യസമുത്പാദം' (മറ്റോന്നിനെ ആശ്രയിക്കുന്ന ജനനം) എന്നാണ് കാര്യകാരണബന്ധത്തെപറ്റിയുള്ള ഈ ഈ സിദ്ധാന്തം അറിയപ്പെടുന്നത്. എന്നാൽ, ബുദ്ധൻറെ എല്ലാ പ്രഭാഷണങ്ങളിലും (Sermon) കാരണങ്ങളുടെ എണ്ണം നൽകിയിരിക്കുന്നത് ഒരു പോലെയല്ല. എന്നാൽ, പ്രചാരം ലഭിച്ചത് മേൽസൂചിപ്പിച്ച പന്ത്രണ്ടു നിദാനങ്ങൾ‍ക്കാണ്. പ്രതിദിനാരാധനാവേളകളിൽ‍, ചില ബുദ്ധമതാനുയായികൾ ദ്വാദശനിദാനങ്ങൾ അഥവാ ‘ഭവചക്രം’ ഓർമ്മപ്പെടുത്തുന്ന വസ്തുക്കൾ തിരിക്കുന്ന പതിവുണ്ട്.

മൂന്നാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുരിതങ്ങൾ അവസാനിപ്പിക്കാൻ. രാഗ-ദ്വേഷ-മോഹങ്ങളാൽ കുരുങ്ങി നയിക്കുന്ന ജീവിതം മോഹത്തിനും പുനർജനനത്തിനും ഇടയാക്കുന്നു. ആഗ്രഹങ്ങളെ പൂർണ്ണമായി അടക്കിക്കൊണ്ട്, സത്യത്തെ സദാപര്യാലോചിച്ചുകൊണ്ട്, ഉൾക്കഴ്ച നേടിക്കൊണ്ട് ദുരിതച്ചങ്ങലയിൽ നീന്നു മോചനവും നിർവ്വാണവും നേടാനാവും. എന്നാൽ അതിനർത്ഥം, മോചനംനേടി ‘അർഹത’നായ ആൾ ഉദാസീനനായിരിക്കണം എന്നല്ല. ആഗ്രഹനിയന്ത്രണത്തിനും, സത്യസ്മരണയ്ക്കും വേണ്ടിയുള്ള ഉൾവലിയൽ താത്കാലികമാണ്. വിമോചനം നേടിയ ആൾ, ദുരിതസാഗരം മറികടക്കാൻ സ്വയം നിർമ്മിച്ച യാനം, അയാൾ‌ മറ്റുള്ളവർക്കും പ്രയോജനപ്പെടുത്തണം. അതിനായി പ്രയത്നിക്കണം. സ്വന്തം ജീവിതത്തിലൂടെ ബുദ്ധൻ അതു കാണിച്ചു തന്നു. നിർ‌വാണം എന്നാൽ 'പൊലിഞ്ഞത്, അണഞ്ഞുപോയത്' എന്നൊക്കെ അർത്ഥമുണ്ട്. അതടിസ്ഥാനമാക്കി, ചില ദാർശനികർ, മരണാനന്തരമാണ് അർഹതന് നിർ‌വാണം ലഭിക്കുന്നത് എന്നും അത് ജനനമരണങ്ങളില്ലാത്ത, അസ്തിത്വം പൂർ‌ണ്ണമായി ഇല്ലാതെയാകുന്ന അവസ്ഥയാണ് എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. അതു ശരിയായിരിക്കാനിടയില്ല. ബുദ്ധൻ പറഞ്ഞത് ജനനമരണങ്ങളിൽ നിന്നും ദുഖങ്ങളിൽ നിന്നും ശാശ്വതമായി എങ്ങനെ മോചനം സാധ്യമാണെന്നു മാത്രമാണ്. മുൻപു പറഞ്ഞ അവ്യക്തങ്ങളിൽ ഉൾപ്പെടുന്നതുകൊണ്ട്, മരണാനന്തരാവസ്ഥയെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹം തുടർ‌ച്ചയായി വിസമ്മതിച്ചിരുന്നു. ലോകാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, അത് വ്യാഖ്യാനിക്കാൻ അസാധ്യമായതിനാലാവണം ബുദ്ധൻ മൗനം പാലിച്ചതെന്ന് ഡോ. എസ്. രാധാകൃഷ്ണൻ സൂചിപ്പിച്ചിട്ടുണ്ട്.

നാലാമത്തെ ശ്രേഷ്ഠസത്യം: ജീവിതദുഃഖങ്ങളിൽ നിന്ന് മോചനം നേടാൻ സാധ്യമാണ്. അതിനു മാർഗ്ഗമുണ്ട്. അതാണ് അഷ്ടാംഗികമാർഗ്ഗം. ബൗദ്ധധർമ്മശാസ്ത്രത്തിന്റെ സംക്ഷിപ്തരൂപം അതിൽ കാണാൻ കഴിയും. അത് ഇപ്രകാരമാണ്: (1) സമ്യഗ്ദൃഷ്ടി (ശരിയായ വീക്ഷണം) - അജ്ഞതയും അതുകൊണ്ടുണ്ടാവുന്ന മിഥ്യാദൃഷ്ടിയും ദുഃഖകാരണങ്ങളാണ്. അതുകൊണ്ട്, സത്യമായ അറിവും ശരിയായവീഷണവും നേടുക എന്നതാണ് ആദ്യപടി. അത് സൈദ്ധാതികവിചിന്തനത്തിലൂടെയല്ല, മറിച്ച് നാലു ശ്രേഷ്ഠസത്യങ്ങളെക്കുറിച്ചുള്ള അറിവുനേടലാണ്. അതിലൂടയാണ് ധാർമ്മികപരിവർത്തനവും നിര്‌വാണവും ലഭിക്കുന്നത്. (2) സമ്യക്സങ്കല്പം (ശരിയായ, ദൃഢമായ തീരുമാനം) - നിത്യജീവിതത്തിൽ പകർത്തിട്ടില്ലെങ്കിൽ, ശരിയായ അറിവ് പ്രയോജനരഹിതമാണ്. അതുകൊണ്ട് ലൗകികസുഖാഗ്രഹങ്ങളും അന്യരോടുള്ള ദുർ‌വികാരങ്ങളും ദ്രോഹചിന്തകളും ത്യജിക്കാൻ ബുദ്ധൻ ഉപദേശിക്കുന്നു. (3) സമ്യഗ്‌വാക് (ശരിയായ വാക്ക്) - അസത്യവും അപകീർത്തികരവും, നിർ‌ദ്ദയവുമായ വാക്കുകളും നിസ്സാരവമായ സംസാരവും ഉപേക്ഷിക്കണം, ശരിയായ വാക്കുകൾ മാത്രം പറയുണം. (4) സമ്യക്‌കർമാന്തം (ശരിയായ കർമ്മം) - ശരിയായ കാര്യങ്ങൾ മാത്രം ചെയ്യണം. പഞ്ചശീലങ്ങൾ (മോഷ്ടിക്കാതെ, ലഹരി ഉപയോഗിക്കാതെ, വിഷയാസ്ക്തിയില്ലാതെ, അഹിംസയോടെ ഇരിക്കൽ‍) പാലിക്കണം. (5) 'സമ്യഗാജീവ'നം (ശരിയായ ജീവിതം നയിക്കൽ) - ജീവിക്കാനായി ശരിയായ മാർഗ്ഗം മാത്രം സ്വീകരിക്കണം. വിലക്കപ്പെട്ട രീതികൾ ഉപയോഗിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്യണം. (6) സമ്യഗ്‌വ്യായാമം (ശരിയായ പ്രയത്നം). ദുഷ്ചിന്തകൾ മനസ്സിലെത്തുന്നത് നിരന്തരം നിരോധിക്കണം, അതിന് കഠിനമായി പ്രയത്നിക്കണം. (7) സമ്യക്സ്മൃതി (ശരിയായ വിചാരം) - 'ഇതു ഞാൻ, ഇത് എന്റേത്' എന്ന വിചാരം ഇല്ലാതെയാക്കണം. നശ്വരമായ സ്വന്തം ശരീരത്തോടുള്ള സ്നേഹവും വസ്തുക്കളോടുമുള്ള ആഗ്രഹങ്ങളും ഇല്ലാതെയാക്കണം. അവ നഷ്ടപ്പെടുമ്പോഴുള്ള ദുഃഖത്തിൽ നിന്ന് അതു മോചനം നൽകും. (8) സമ്യക്‌സമാധി - (ശരിയായ ധ്യാനം) - സമചിത്തതയോടെ യുക്തിയോടെ അന്വേഷണബുദ്ധിയോടെ സത്യമെന്താണെന്ന് ധ്യാനിച്ചറിയണം. അപ്പോൾ, സംശയങ്ങളെല്ലാമകറ്റി ശ്രേഷ്ഠങ്ങളായ നാലു സത്യങ്ങൾ വെളിപ്പെടും. അത് ധ്യാനത്തിന്റെ ആദ്യപടി. തുടർന്ന് ശുദ്ധധ്യാനത്താൽ സമാധാനവും ശാന്തതയും ആനന്ദവും ലഭിക്കും. മുന്നാം ഘട്ടത്തിൽ, നിർമ്മമമായ, ഏകാഗ്രമായ ധ്യാനത്തിൽ നിന്നു കിട്ടിയ ആനന്ദവും ഉപേക്ഷിക്കണം.നാലാം ഘട്ടത്തിലാണ് അപ്രകാരം ലഭിച്ച ശാന്തി പോലും ത്യജിക്കുന്നത്. അനായാസമായ, പൂർണ്ണമായ സമചിത്തതയുടെ ഒരവസ്ഥയാണത്. സർ‌വ്വവേദനകളിൽ നിന്നും ദുഃഖങ്ങളിൽ നിന്നും അപ്പോൾ വിമോചിതനാകുന്നു; നിർ‌വ്വാണം ലഭിക്കുകയും ചെയ്യന്നു.

നാലു പ്രധാന സിദ്ധാന്തങ്ങളാണ് ബൗദ്ധധർമ്മചിന്തയുടെ ആധാരം. (1) പ്രതീത്യസമുത്പാദം : എല്ലാം മറ്റൊന്നിനെ ആശ്രയിച്ചാണ് ജനിക്കുന്നത്, സോപാധികമായാണ് ഉണ്ടാവുന്നത്. അത് ഒരു പ്രപഞ്ചതത്ത്വമാണ്. അതിന്റെ നടത്തിപ്പിന് സ്വതന്ത്രവും ബാഹ്യവുമായ ഒരു ബോധത്തിന്റെ ആവശ്യമില്ല. പ്രകൃതിയിലില്ലാത്ത, ബാഹ്യമായ ഒരു സത്യം ഇല്ല. ഇന്നു നിലനിൽക്കുന്നതെല്ലാം ഒരിക്കൽ പൂർണ്ണമായും നശിക്കും എന്ന വാദം (Nihilism) ബൗദ്ധർ അംഗീകരിക്കുന്നില്ല. പ്രഭാവം (Effect) സൃഷ്ടിക്കാനുള്ള കഴിവാണ് ഒരു വസ്തുവിന്റെ സത്ത (Existence). ഒരു പ്രഭാവവും ഉണ്ടാക്കാൻ കഴിവില്ലാത്തതൊന്നും, മുയലിന്റെ കൊമ്പു പോലെ, സത്യമല്ല. ഒന്ന് നശിക്കുമ്പോൾ അത് മറ്റൊന്നിനു കാരണമാവുന്നു. ധർമ്മചിന്തയ്ക്കാണ് ബുദ്ധന്റെ ദർശനത്തിൽ പ്രാധാന്യം. പ്രതീത്യസമുത്പാദമറിയുന്നവന് ധർമ്മം അറിയാം. അത് അറിയാത്തതാണ് ദുഃഖത്തിനു ഹേതു. (2) ബൗദ്ധചിന്തയിലെ കർമ്മസിദ്ധാന്തം, മേല്പറഞ്ഞ പ്രതീത്യസമുത്പാദസിദ്ധാന്തത്തിന്റെ ഒരു സവിശേഷമായ ഉപസിദ്ധാന്തമാണ്. ഒരു വ്യക്തിയുടെ ഇപ്പോഴത്തെ അസ്തിത്വം/അവസ്ഥ പഴയതൊന്നിനെ ആശ്രയിച്ചിരിക്കുന്നു. ഈ ജീവിതത്തിലെ സുഖ-ദുഃഖങ്ങൾ മുജ്ജന്മവമായി ബന്ധപ്പെട്ടിരിക്കുന്നു. (3) മാറ്റമില്ലാത്തതായി ഒന്നുമില്ല. എല്ലാം പരിവർത്തനങ്ങൾക്കു വിധേയമാണ്, അസ്ഥിരമാണ്. ബുദ്ധന്റെ ഈ അസ്ഥിരതാസിദ്ധാന്തം (Doctrine of Impermanence) പിലക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികൾ, ക്ഷണികവാദമായി വികസിപ്പിച്ചു. സർ‌വതും കാലത്തിന്റെ ഏറ്റവും ചെറിയ, അഭാജ്യമായ ഒരു ക്ഷണത്തിൽ മാത്രമാണ് നിലനിൽക്കുന്നത് എന്നതാണ് ക്ഷണികവാദം. (4) ആത്മാവ് എന്നും സ്ഥിരമായ, മാറ്റമില്ലാത്ത ഒന്നാണ് എന്നാണു സങ്കല്പം. മാറ്റമില്ലാത്ത ആത്മാവിനെ ബൗദ്ധദർസനം അംഗീകരിക്കുന്നല്ല. പുനർജന്മം സംഭവിക്കുന്നത് ആത്മാവ് ഒരു ശരീരത്തിൽ നിന്ന് മറ്റൊന്നിലേക്കു പ്രവേശിക്കുമ്പോൾ സംഭവിക്കുന്നതല്ല. ഒരു ജന്മം മറ്റൊന്നിനു കാരണമാവുന്നു എന്നു മാത്രം. മനുഷ്യൻ എന്നത് ഭൗതികമായ ശരീരം, ഭൗതികമല്ലാത്ത മനസ്സ്, അരൂപമായ ബോധം എന്നീ ഘടകങ്ങളുടെ സംഘാതമാണ് (Collection) - രഥം, ചക്രങ്ങളുടേയും അച്ചുതണ്ടിന്റെയും ദണ്ഡുകളുടേയും ഒരു സംഘാതമാണെന്നതു പോലെ. ശരീരം വിഘടീക്കുമ്പോൾ മനുഷ്യൻ ഇല്ലാതെയാകുന്നു. ആത്മാവും, ആത്മബോധവും (Ego) ഈ സംഘാതമല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അനാത്മവാദം (അനത്താവാദം - പാലിയിൽ). ബുദ്ധോപദേശങ്ങൾ ശരിയായി മനസ്സിലാക്കണമെങ്കിൽ, അനത്താവാദം എന്താണെന്ന് നന്നായി അറിയണം.


ബൗദ്ധദർശനശാഖകൾ

തിരുത്തുക

ഇന്ത്യയിലും വിദേശത്തുമായി വികസിച്ച ഏതാണ്ട് മുപ്പതോളം പ്രധാനശാഖകളും നിരവധി ചെറുശാഖകളും ബൗദ്ധദർശനത്തിലുണ്ട്. ഇന്ത്യയിൽ വികാസം പ്രാപിച്ച ശാഖകളിൽ പ്രധാനപ്പെട്ട നാല്‌ ഉപശാഖകൾ മാധ്യമികം, യോഗാചാരം, സൗത്രാന്തികം, വൈഭാഷികം എന്നിവയാണ്. രണ്ടു പ്രധാനപ്പെട്ട ദാർശനികപ്രശ്നങ്ങളാണ് ബൗദ്ധദാർശനികരിൽ അഭിപ്രായ വ്യത്യാസത്തിനു കാരണമായത്. 'യഥാർത്ഥ വസ്തുതകൾ എന്താണ്?' എന്ന കേവലദാർശനിക(Metaphysical)പ്രശ്നം അതിൽ ഒന്ന്. ഭൗതികമോ ആശയപരമോ ആയ ഒരു ഉണ്മയും ഇല്ല എന്നു മാധ്യമികദാർശനികർ വാദിക്കുന്നു. എല്ലാം ശൂന്യമാണെന്നും അവർ പറയുന്നു. മാനസികമായ ആശയലോകകമാണു സത്യമെന്നും ഭൗതികമായത് ഒന്നും സത്യമല്ലെന്നും യോഗാചാരദാർ‍ശനികർ വാദിക്കുന്നു. തുടർന്ന് 'വാസ്തവം എങ്ങനെ അറിയാൻ കഴിയും' എന്ന വിജ്ഞാനശാസ്ത്രപരമായ (Epistemological) ചോദ്യത്തിന്, സൗത്രാന്തികർ, ബാഹ്യവസ്തുക്കളെ അനുമാനത്തിലൂടെയാണ് (Inference) അറിയാൻ കഴിയുക എന്നുത്തരം നൽകുന്നു. എന്നാൽ വൈഭാഷികർ വാസ്തവം നേരിട്ടനുഭവിച്ചറിയാൻ (Perception) കഴിയും എന്നു വാദിക്കുന്നവരാണ്.

മാധ്യമികദർശനം

തിരുത്തുക

മാധ്യമികശാസ്ത്രം എന്ന ഗ്രന്ഥം രചിച്ച നാഗാർജ്ജുനൻ‍ (കൃ.പി. രണ്ടാം നൂറ്റാണ്ട്), ബുദ്ധചരിതം രചിച്ച അശ്വഘോഷ എന്നിവരാണ് പ്രമുഖരായ ആദ്യകാലമാധ്യമികചിന്തകർ. ഈ ദാർ‌ശനിക സമ്പ്രദായമനുസരിച്ച് അറിയേണ്ട വസ്തു/കാര്യം, അത് അറിയുന്നയാൾ, ആ അറിവ് എന്നിവ പരസ്പരാശ്രിതങ്ങളായ കാര്യങ്ങളാണ്. ഇവയിൽ ഏതെങ്കിലും ഒന്ന് ശരിയല്ലെന്നു വന്നാൽ മറ്റു രണ്ടെണ്ണവും ശരിയല്ലാതാവും. ഒരു കയറു കണ്ട്‍ അതു സർപ്പമാണെന്നു ധരിക്കുന്ന മനസും അറിവും ശരിയല്ല. അതിൽ നിന്ന് പ്രത്യക്ഷമായ എല്ലാ കാര്യങ്ങളും, അപ്രകാരമുള്ള അറിവും, അതറിയുന്ന മനസും സ്വപ്നസദൃശമായ വസ്തുക്കളാണെന്നും, വാസ്തവത്തിലുള്ളതല്ല എന്നും നിഗമനത്തിലെത്താം. അതായത്, മനസുകൊണ്ടറിയുന്ന കാര്യങ്ങളും അല്ലാത്തതും ഒന്നും സത്യമല്ല, വാസ്തവമല്ല. പ്രപഞ്ചം ശൂന്യമാണ്. (ഇക്കാരണത്താൽ, ശൂന്യവാദമെന്നും ഈ ശാഖക്കു പേരുണ്ട്.) എന്നാൽ വാസ്തവത്തിലുള്ള യാതൊന്നുമില്ല്ല എന്നല്ല അതിനർഥം. പാശ്ചാത്യരുടെ 'നിഹിലിസ'ത്തിനു സമാനമായതല്ല ഈ വാദം. വാസ്തവത്തിലുള്ള ഒന്ന്, അതിന്റെ ആരംഭത്തിനും നിലനില്പിനും മറ്റോന്നിനേ ആശ്രയിച്ചുകൂടാ. നമുക്കറിയാവുന്നതെല്ലാം മറ്റോന്നിനെ ആശ്രയിക്കുനവയാണ്. അത് വാസ്തവത്തിൽ ഉള്ളതാണെന്നു പറഞ്ഞുകൂടാ; ഇല്ലാത്തതാണെന്നും പറഞ്ഞുകൂടാ. കാരണം അവാസ്തവികമായ ഒന്നിന് നിലനില്പില്ല. ശരിയായി നിർ‌ണ്ണയിക്കാനും വിവരിക്കാനും ആവാത്ത, വസ്ത്തുക്കളുടെ യഥാർത്ഥ സ്വഭാവത്തെയാണ് ഇവിടെ ശൂന്യത എന്നു വിവക്ഷിക്കുന്നത്. വസ്തുക്കൾ ഉള്ളതായി നമുക്കനുഭവപ്പെടുന്നു എങ്കിലും അവയുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കൻ കഴിയുന്നില്ല. അതുകൊണ്ട് ശൂന്യവാദികൾ, വസ്തുക്കൾ കേവലമായി നിലനിൽക്കുതാണെന്നോ, അല്ലെന്നോ പറയുന്നില്ല. പകരം, അവയുടെ സോപാധികോത്ഭവം (Dependent origination) മാത്രം അംഗീകരിക്കുന്നു. വിപരീതധ്രുവങ്ങളിൽ നിൽ‌ക്കുന്ന രണ്ടു കാഴ്ചപ്പാടുകളുടെ മധ്യമാർഗ്ഗം അവർ സ്വീകരിക്കുന്നു. അതുകൊണ്ടാണ് ഈ ശാഖ, മാധ്യമികം എന്നറിയപ്പെടുന്നത്. കാണുവാനും അനുഭവിക്കുവാനും കഴിയുന്ന ചുറ്റുമുള്ള പ്രപഞ്ചം അസത്യമാണെന്ന് എന്ന് മാധ്യമികർ കരുതുന്നില്ല. അതിന്റെ യഥാർ‌ത്ഥസ്വഭാവം മനസ്സിലാക്കാൻ സാധിക്കില്ല എന്നാണ് അവരുടെ വാദം. രണ്ടു തരം സത്യങ്ങൾ ഉണ്ട്. അനുഭവിച്ചറിയാൻ കഴിയുന്ന, പ്രാതിഭാസികമായ (Phenomenal) ഒരു സം‌വൃതിസത്യം (Empirical Truth) ഉണ്ട്. അതുപോലെ അതീന്ദ്രീയമായ, പരമാർ‌ത്ഥസത്യവും (Absolute Truth) ഉണ്ട് . അനുഭവപ്രപഞ്ചത്തെക്കുറിച്ചുള്ളതാണ് ബുദ്ധന്റെ പ്രബോധനങ്ങൾ; നിർ‌വാണം ലഭിക്കുമ്പോൾ ഉണ്ടാവുന്ന അനുഭവം, സാധാരണ അനുഭവങ്ങളെ അടിസ്ഥാനമാക്കി വിവരിക്കാൻ കഴിയില്ല. അതിനാൽ തത്ത്വശാസ്ത്രപരമായി മാധ്യമികം അദ്വൈതദർശനത്തോട് അടുത്തു നിൽക്കുന്നു .

യോഗാചാരദർശനം:

തിരുത്തുക

ചിത്തം (മനസ്സ്) മാത്രമാണു സത്യം എന്ൻ യോഗാചാരദർശനം വാദിക്കുന്നു. മനസ്സ് അസത്യമാണെന്നു കരുതിയാല് ‍യുക്തിവിചാരങ്ങൾ ശരിയല്ല എന്നു വരും. യോഗാചാരദാർശനികർക്ക് അവർ പറഞ്ഞതു തന്നെ തെറ്റാണെന്നു സമ്മതിക്കേണ്ടി വരും. അതുകൊണ്ട്, മനസ്സ് സത്യമാണ്. ബാഹ്യമായവസ്തുക്കളെല്ലാം തോന്നലുകൾ മാത്രമാണ്. ബാഹ്യവസ്തുക്കളുടെ അസ്തിത്വം തെളിയിക്കാൻ കഴിയില്ല. ബാഹ്യവസ്തുക്കളും അവയുടെ അനുഭവവും രണ്ടായി തിരിച്ചറിയാനാവില്ല. നീലനിറവും, നീലനിറം എന്ന മനസ്സിലുണ്ടാകുന്ന ബോധവും രണ്ടല്ല; ഒന്നു തന്നെയാണ്. രണ്ടായി തോന്നുന്നത് മിഥ്യയാണ്, കാഴ്ചയുടെ വൈകല്യം കൊണ്ട് ചന്ദ്രനെ രണ്ടായി കാണുന്നതു പോലെ. മാത്രവുമല്ല, ബാഹ്യവസ്തുക്കൾ സത്യമാണെങ്കിൽ, ഒന്നുകിൽ അവ ഘടകവസ്തുക്കൾ കൊണ്ടു നിർമ്മിച്ചതോ അല്ലെങ്കിൽ ഘടകങ്ങൾ ഇല്ലാത്ത അണുക്കൾ കൊണ്ടുണ്ടാക്കിയതോ ആയിരിക്കണം. അണുക്കളെ അനുഭവിച്ചറിയാനാവില്ല; സംഘടിതവസ്തുക്കളെയും മനസ്സിലാക്കാനാവില്ല. അവയുടെ എല്ലാ വശങ്ങളും ഭാഗങ്ങളും ഒരേ സമയം കാണാനാവില്ല, അനുഭവിച്ചറിയാനവില്ല; പ്രത്യേകം ഭാഗമായിമായിട്ടും കഴിയില്ല. എന്തുകൊണ്ടെന്നാൽ, ഘടകവസ്തുക്കൾ, ഒന്നുകിൽ മറ്റൂ ഘടകങ്ങൾ കൊണ്ടു നിർമ്മിച്ചതോ അണുനിർമ്മിതമോ ആയിരിക്കണം. അപ്പോഴും ആദ്യം പറഞ്ഞ പ്രശ്നം അവശേഷിക്കുന്നു. മറ്റൊരു വാദം കൂടി ഈ ദാർ‌ശനികർ ഉന്നയിക്കുന്നു. ബാഹ്യമായ വസ്തുക്കൾ ഉണ്ടങ്കിൽ, അതുണ്ടാവുന്നതിനു മുമ്പ് അതിനെക്കുറിച്ച് നമുക്ക് ഒരു ബോധം ഉണ്ടാകാൻ സാധ്യമല്ല. ഉണ്ടായതിനു ശേഷവും സാധ്യമല്ല; എന്തെന്നാൽ വസ്തുക്കൾ ക്ഷണികങ്ങളാണ്. ബോധം ജനിപ്പിക്കുന്ന അതേസമയം വസ്തു നിലനിൽക്കുന്നില്ല. 'പഴയ' വസ്തുക്കളെക്കുറിച്ചുള്ള ബോധം, തത്സമയപ്രത്യക്ഷാനുഭവം (Immediate Perception)ആണെന്നു പറയാനാവില്ല. അതായത്, ബാഹ്യമായ വസ്തുക്കളുണ്ട് എന്നു കരുതിയാൽ, അവക്കുറിച്ചുള്ള തത്സമയപ്രത്യക്ഷാനുഭവം എന്നത് വിശദീകരിക്കാൻ സാധ്യമല്ല. ബാഹ്യവസ്തുക്കൾ ബോധത്തിന്റെ ഒരു ഭാഗമായി കരുതിയാൽ ഈ വിഷമപ്രശ്നങ്ങൾ ഒന്നും ഉദിക്കുന്നതേയില്ല. എന്നാൽ, ബാഹ്യവസ്തുക്കളും ബോധവും ഒന്നാണെങ്കിൽ എന്തുകൊണ്ടാണ് ആലോചനകൊണ്ട്, നമുക്ക് യഥേഷ്ടം വസ്തുക്കളെ സൃഷ്ടിക്കാനോ, മാറ്റാനൊ, നശിപ്പിക്കനോ ആവാത്തത്? യോഗാചാരദർശനം ഇങ്ങനെ മറുപടി നൽകുന്നു: മനസ്സ്, നൈമിഷികമായ ബോധാവസ്ഥകളുടെ ഒരു പ്രവാഹമാണ്. അതിൽ മുജ്ജന്മാനുഭവങ്ങൾ ലയിച്ചുകിടക്കുന്നു. ഓരോ സാഹചര്യമനുസരിച്ചാണ് അവ ബോധതലത്തിലേക്ക് ഉയർന്നു പരി‍പാകമായി, അനുഭവമായിത്തീരുന്നത്. അപ്രകാരം സാഹചര്യങ്ങളനുസരിച്ചു ബോധം സ്വയം വെളിപ്പെടുന്നതുകൊണ്ടാണ്, വസ്തുക്കളെ നമ്മുടെ ഇഷ്ടപ്രകാരം അനുഭവിക്കാനാകാത്തത്. പൂർ‌വ്വാനുഭവങ്ങളുടെ ഒരു കലവറയായിട്ടാണ് യോഗാചാരം മനസ്സിനെ (ആല്യവിജ്ഞാനം) കാണുന്നത്. മനസ്സിനെ നിയന്ത്രിക്കാൻ പഠിക്കുന്നതോടെ അനാവശ്യചിന്തകൾ നിരോധിക്കാനും നിർ‌വാണം പ്രാപിക്കാനും കഴിയും. അല്ലെങ്കിൽ, അയതാർത്ഥമായ ബാഹ്യലോകത്തോട് മോഹവും ആഗ്രഹചിന്തകളും ഉണ്ടാവുക. മനസ്സ് എന്ന യാഥാർത്ഥ്യത്തിനു മാത്രമാണ് സ്വർഗ്ഗ-നരകങ്ങൾ സൃഷ്ടിക്കുന്നത്. അതുകൊണ്ട് യോഗാചാരദാർശനികർ മനസ്സിനെ നിയന്ത്രിക്കാൻ യോഗയും, നല്ല ആചാരങ്ങളും ശീലിച്ചിരുന്നു. അതുകൊണ്ടാണ്, യോഗാചാരം എന്ന പേര് ഈ ശാഖയ്ക്കു കിട്ടിയത്. വിജ്ഞാനവാദം എന്നൊരു പേരു കൂടി ഈ ശാഖയ്ക്കുണ്ട്. അസംഗൻ, ദിങ്‌നാഗൻ, വസുബന്ധു തുടങ്ങിയവരാണ് ഈ ശാഖയിലെ പ്രധാനികൾ. ലങ്കാവതാരസൂത്രമാണ് പ്രധാന കൃതി.

സൗത്രാന്തികദർശനം

തിരുത്തുക

മനസ്സും ബാഹ്യലോകവും വാസ്തവമാണെന്നു വാദിക്കുന്നവരാണ് സൗത്രാന്തികർ. ബാഹ്യലോകത്തിന്റെ ഉണ്മ അംഗീകരിക്കാതെ, വസ്തുക്കളെക്കുറിച്ചുള്ള ബോധം വിശദീകരിക്കാൻ സാദ്ധ്യമല്ല. ബാഹ്യവസ്തുക്കളെക്കുറിച്ച് യാതൊരു മുന്നറിവുമില്ലാത്തയാളിന് 'ബാഹ്യവസ്തുക്കളെപ്പോലെ' ബോധം ഉണ്ടാവുന്നതെങ്ങനെ ? മറിച്ചുള്ള വിജ്ഞാനവാദികളുടെ (സൗത്രാന്തികരുടെ) വാദം, 'മച്ചിയുടെ മകൻ' എന്നു പറയുന്നതുപോലെ അർത്ഥരഹിതമയിരിക്കും. ബാഹ്യവസ്തുക്കളും ബോധവും ഒന്നാണെന്ന വിജ്ഞാനവാദികളുടെ വാദം പിഴച്ചതാണ്. ഒരു കുടം കാണുമ്പോൾ, അത് ഒരു ബാഹ്യവസ്തുവായിട്ടും, അതിനെക്കുറിച്ചുള്ള ബോധം മനസ്സിന്റെ ഉള്ളിലുളവാകുന്നതായിട്ടും നമുക്കു വെവ്വേറെ തിരിച്ചറിയാം. വസ്തു ബോധത്തിൽ നിന്ന് വ്യത്യസ്തമാനെന്ന് കാലങ്ങളായി അറിയാവുന്ന കാര്യമാണ്. കുടവും അതുകാണുന്ന വ്യക്തിയുടെ ബോധവും ഒന്നാണെങ്കിൽ, അയാൾ, 'ഞാൻ കുടമാണ്' എന്നു പറയുമായിരുന്നു. അതു മാത്രമല്ല, ബാഹ്യവസ്തുക്കളുടെ അസ്തിത്വം അംഗീകരിക്കാതെ, 'കുടത്തെക്കുറിച്ചുള്ള ബോധം' ' വസ്ത്രത്തെക്കുറിച്ചുള്ള ബോധം' എന്നിങ്ങനെ വെവ്വെറെ ബോധം ഉണ്ടാകുന്നത് വിശദീകരിക്കാനും ആവില്ല. അതുകൊണ്ട് ബാഹ്യവസ്തുക്കൾ സത്യമാണ്. അവയെക്കുറിച്ചുള്ള നമ്മുടെ ബോധം, അവയുടെ ഒരു 'പകർപ്പുകൾ' മാത്രമാണ്. മനസ്സിൽ, ബാഹ്യവസ്തുവിനെക്കുറിച്ചുള്ള ബോധം ഉണ്ടാവുന്നതിന് ചില സാഹചര്യങ്ങൾ ആവശ്യമാണ്. ബാഹ്യമായ വസ്തു വേണം, ബോധം ഉണ്ടാവുന്ന മനസ്സ് ഉണ്ടായിരിക്കണം, വസ്തുവിനെ അറിയാൻ കഴിയുന്ന ഇന്ദ്രീയം വേണം, വേണ്ടത്ര വെളിച്ചം, സൗകര്യപ്രദമായ സ്ഥാനം എന്നു തുടങ്ങി അനുബന്ധസാഹചര്യങ്ങളും അനുകൂലമായി വേണം. ബോധം ഉണ്ടാവുന്നത് ഇവയുടെയൊക്കെ സം‌യുക്തഫലമായിട്ടാണ്. ഇപ്രകാരം മനസ്സിൽ ഉണ്ടാവുന്നത് ബാഹ്യവസ്തുവിന്റെ പകർപ്പാണ്. അതിനെയാണ്, മനസ്സ് ആദ്യം അറിയുന്നത്. അത് പ്രത്യക്ഷാനുഭവം (Perception) അല്ല; ഒരു അനുമാനമാണ് (Inference). ഇതാണ് സൗത്രാന്തികരുടെ ബാഹ്യാനുമേയവാദം (Inferability of external objects). സൗത്രാന്തികർ, യോഗാചാരരുടെ വൈയ്യക്തികാശയവാദം (Subjective Idealism) നിരാകരിക്കുന്നു. സൂത്രപിടകങ്ങളുടെ ആധികാരികതയ്ക്ക് പ്രാധാന്യം നൽകുന്നതുകൊണ്ടാണ് സൗത്രാന്തികർ എന്ന് പേരു വന്നത്. പാശ്ചാത്യചിന്തകരായ ലോക്കെ, മൂര്‍ എന്നിവരുടെ വാദങ്ങളുമായി സാദൃശ്യമുള്ളതാണ് സൗത്രാന്തികരുടെ വാദങ്ങൾ.

വൈഭാഷികദർശനം

തിരുത്തുക

സൗത്രാന്തികരുടെതിൽ നിന്നു ഭിന്നമായി, ബാഹ്യവസ്തുക്കളുടെ അസ്തിത്വം പ്രത്യക്ഷമായല്ലാതെ മറ്റൊരു രീതിയിലും അറിയാനാവില്ല എന്നാണ് വൈഭാഷികർ വാദിക്കുന്നത്. മുൻപ്, തീയും പുകയും ഒന്നിച്ചു പ്രത്യക്ഷമായി കണ്ടറിഞ്ഞിട്ടുള്ളതു കൊണ്ടാണ്, പുകയുണ്ടെങ്കിൽ അവിടെ തീയുണ്ട് എന്ന് അനുമാനിക്കാൻ ‍ കഴിയുന്നത്. പ്രത്യക്ഷാനുഭവമില്ലാതെ അനുമാനം സാധ്യമല്ല. സൗത്രാന്തികർ വാദിക്കുന്നതു പോലെ ബാഹ്യവസ്തുക്കൾ പ്രത്യക്ഷമായനുഭവിച്ചറിയാൻ കഴിയില്ലെങ്കിൽ, മനസ്സിൽ അവയുണ്ടാക്കുന്ന ബോധത്തിൽ നിന്നു മാത്രം ഒരു അനുമാനവും സാധ്യമല്ല. പ്രത്യക്ഷാനുഭവമില്ലാതെ, മനസ്സിലുണ്ടാകുന്ന ബോധം ബാഹ്യവസ്തുവിന്റെ പകർപ്പായി തോന്നുകയേയില്ല. അതുകൊണ്ട്, ഒന്നുകിൽ വിജ്ഞാനവാദം അംഗീകരിക്കണം; ആ വാദം തൃപ്തികരമല്ലെങ്കിൽ, ബാഹ്യവസ്തുക്കളെ പ്രത്യക്ഷമായി അറിയാൻ കഴിയും എന്നത് അംഗീകരിക്കണം. ഇതാണ് ബാഹ്യപ്രത്യക്ഷവാദം (Theory of direct realism). അഭിധമ്മമഹാവിഭാഷ എന്ന ഭാഷ്യം (Commentary) പിന്തുടരുന്നതുകൊണ്ടാണ് വൈഭാഷികർക്ക് ആ പേരു വന്നത്. മതാനുഷ്ഠാനതലത്തിൽ, രണ്ടു വിഭാഗങ്ങൾ ബൗദ്ധപ്രസ്ഥാനത്തിലുണ്ട്: മഹായാനവും ഹീനയാനവും. മേൽ‌പ്പറഞ്ഞ ദാർശനികശാഖകളിൽ മാധ്യമികവും യോഗാചാരവും മഹായാനപ്രസ്ഥാനത്തോടും സൗത്രാന്തികവൈഭാഷികങ്ങൾ ഹീനയാനത്തോടും ബന്ധപ്പെട്ടിരിക്കുന്നു.

മഹായാനവും ഹീനയാനവും

തിരുത്തുക

മതപരമായകാര്യങ്ങളിൽ 'നിർവാണത്തിന്റെ ലക്‌ഷ്യം എന്ത്' എന്ന പ്രശനത്തിലാണ്, ഈ വിഭാഗങ്ങൾ തമ്മിൽ പ്രധാനപ്പെട്ട അഭിപ്രായവ്യത്യാസമുള്ളത്. സ്വന്തം ജീവിതക്ലേശങ്ങളിൽ നിന്ന് മോചനം നേടുവാൻ അവനവൻ സ്വയം പരിശ്രമിക്കണം എന്നാണ് ഹീനയാനപ്രസ്ഥാനത്തിന്റെ നിലപാട്. എന്നാൽ അതുമാത്രം പോര, എല്ലാവരുടേയും ദുഃഖനിവാരണത്തിനാണ് അനുയായികൾ പരിശ്രമിക്കേണ്ടത് എന്ന് മഹായാനം പറയുന്നു. തെക്കെ ഇന്ത്യയിലും, ശ്രീലങ്കയിലും, മ്യാന്മാറിലും, വിയറ്റ്നാമിലുമാണ് ഹീനയാനം വളർന്നത്. ചൈന, വടക്കെ ഇന്ത്യ, ടിബറ്റ് എന്നീ ദേശങ്ങളിലാണ് മഹായാനം വികസിച്ചത്.

ഹീനയാനം‌ ആദിമബുദ്ധചിന്തകളോട് സത്യസന്ധത പുലർ‌‍ത്തുന്നു. ജൈനരെപ്പോലെ, ഹീനയാനം ലോകപരിപാലകനായ ഒരു ദൈവത്തെ അംഗീകരിക്കുന്നില്ല. ധമ്മ എന്ന സാർവത്രിക നിയമമാണ് പ്രപഞ്ചം നിയന്ത്രിക്കുന്നത്. അതനുസരിച്ച്,ആണ് ശരീരവും, മനസ്സും, സുഖദുഃഖങ്ങളും നിർണ്ണയിക്കുന്നത്. ബുദ്ധന്റെ പ്രബോധനങ്ങൾ ജീവിതദുരിതങ്ങളിൽ നിന്ന് മോചനം വാഗ്ദാനം ചെയ്യുന്നു. മോചനം ഓരോ വ്യക്തിയും സ്വപരിശ്രമത്തിലൂടെയാണ് നേടേണ്ടത്. സംഘം ചേർന്നുള്ള ഉദ്യമങ്ങൾ ആ പരിശ്രമത്തിന് ശക്തി പകരും. അതുകൊണ്ട്, ഹീനയാനാനുയായികൾ മൂന്നു പ്രതിജ്ഞകൾ എടുക്കുന്നു: " ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി " (ഞാൻ ബുദ്ധത്വത്തെ ശരണം പ്രാപിക്കുന്നു, ധമ്മത്തെ ശരണം പ്രാപിക്കുന്നു, സംഘത്തെ ശരണം പ്രാപിക്കുന്നു). ഹീനയാനം ബുദ്ധന്റെ പ്രഭാഷണങ്ങൾ തീവ്രമായി അനുസരിക്കുന്നു: "നീ നിന്റെതന്നെ വെളിച്ചമാവുക", "അത്യുന്നതമായ ലക്‌ഷ്യം നേടാൻ എല്ലാവർക്കും കഴിയും, ഓരോരുത്തരും അതിന് സ്വയം പരിശ്രമിക്കണം."

കാലക്രമത്തിൽ ബുദ്ധമതം വികസിച്ചു; ധാരാളം അനുയായികളുണ്ടായി. പ്രബോധിതമാർഗ്ഗം കർ‌ക്കശമായി പിൻ‌തുടർന്ന കുറച്ചാളുകളെയും, അതിനു കെൽപ്പില്ലാത്ത അനവധി സാധാരണക്കാരെയും, അർദ്ധമനസ്സുള്ള പരിവർത്തിതരെയും ബുദ്ധമതം ഉൾക്കൊണ്ടു. അവരുടെ പരമ്പരാഗതമായ വിശ്വാസങ്ങളും ശീലങ്ങളും ക്രമേണ ബുദ്ധമതത്തെ സ്വാധീനിച്ചു. ബുദ്ധമതാചാര്യർക്ക്, സൈദ്ധാന്തികമായ കാർക്കശ്യം തുടരണമോ ധാരാളം അനുയായികളെ ആകർഷിക്കണമോ എന്നു തീരുമാനിക്കേണ്ടി വന്നു. ചുരുക്കം ചിലർ പഴയ കർശനനിലപാടു പിന്തുടർന്നു. എന്നാൽ, ഭൂരിഭാഗം ആചാര്യന്മാരും മറിച്ചൊരു നിലപാടാണ് എടുത്തത്. ആ പ്രസ്ഥാനത്തെ അവർ മഹായാനം (Greater Vehicle) എന്നു വിളിച്ചു; പരമ്പരാഗത രീതി പിന്തുടർന്ന പ്രസ്ഥാനത്തെ അവർ ഹീനയാനം (Lesser Vehicle) എന്നും വിളിച്ചു. മഹായാനത്തിന്റെ ധാർമ്മിക നിലപാടുകൾ ബുദ്ധന്റെ ജീവിതത്തിലും പ്രബോധനങ്ങളിലും കാണാൻ കഴിയുമെന്ന് അവർ വാദിച്ചു. ബുദ്ധനു ബോധോദയം ലഭിച്ചതിനു ശേഷം, തന്റെ ജീവിതാവസാനം വരെയുള്ള് ദീർഘകാലം, അദ്ദേഹം അന്യരെ സഹായിക്കാനാണു ചെലവഴിച്ചത്. സ്വന്തം മോചനത്തിനായി മാത്രം ശ്രമിക്കുന്നത്, സ്വാർത്ഥതയാണെന്ന്, ഹീനമാണെന്ന് അവർ കരുതി. അപ്രകാരം, മഹയാനം, പരസ്പരവിരുദ്ധവുമായതുൾപ്പെടെ നിരവധി പുതിയ ചിന്താസരണികൾ സ്വാംശീകരിച്ചാണു വികസിച്ചത്.

ബോധിസത്വസങ്കല്പം : ദുരിത്തിൽപെട്ട് ഉഴലുന്ന ഇതര ജീവിതങ്ങളെ പരിഗണിക്കാതെ, സ്വന്തം മോചനം മാത്രം ലക്ഷ്യമായിക്കാണുന്നത് ഉചിതമല്ലെന്നും, എല്ലാ മനുഷ്യരുടെയും മുക്തിയാണ് മഹനീയമായ ലക്ഷ്യം എന്നുമുള്ള നിലപാടാണ് ബോധിസത്വസങ്കല്പം. ആ നിലപാട് അംഗീകരിക്കുകയും അപ്രകാരം സഹജീവികളുടെ മോചനത്തിനായി പ്രതിജ്ഞയെടുക്കുകയും ചെയ്യുന്നവരെ ബോധിസത്വൻ‌ എന്നു വിളിക്കുന്നു. കരുണയും, പ്രജ്ഞയുമാണ് (Love and Wisdom) അവന്റെ ജീവിതസത്ത. ജനനമരനങ്ങളുടെ ചെളിക്കുണ്ടിൽ സ്വയം സമർപ്പിക്കുമ്പോഴും, അയാളുടെ മനസ് പാപങ്ങളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തമാണ്, ചെളിയിൽ പിറന്നതാണെങ്കിലും കളങ്കപ്പെടാത്ത താമര പോലെ. വ്യക്തികൾ, വേറിട്ട വീശേഷപ്രതിഭാസങ്ങളല്ല. പ്രത്യുത, പരമാർത്ഥമായ ഒരു സ്വത്വത്തിന്റെ (പരമാത്മൻ / മഹാത്മൻ - Universal Absolute Self) താത്കാലികമായ, മായികമായ വെളിപ്പെടലുകൾ (Manifestations) മാത്രമാണ്. കൂടാതെ, പരമമായ ആ സത്യം, ഈ ലോകത്തിൽ നിന്നു വേറിട്ട, വിദൂരമായ ഒന്നല്ല. നിർ‌വ്വാണം, ഈ ലോകത്തിൽ, വർ‌ത്തമാനകാലത്തിൽ തന്നെ ലഭിക്കുന്ന പൂർ‍ണ്ണതയാണ്, ഉന്നതിയാണ്. അതുകൊണ്ട്, മഹായാനതപസ്വികൾ, കരുണയോടെ, ബൗദ്ധികോന്നതിയോടെ ലോകവ്യവഹാരങ്ങളിൽ ഇടപെട്ടുകൊണ്ട് ഹീനയാനത്തിലെ സന്യാസത്തെ പ്രതിസ്ഥാപനം ചെയ്യുന്നു.

ബുദ്ധൻ എന്ന ദൈവസങ്കല്പം: ഒരു വശത്ത്, മഹായാനപ്രസ്ഥാനം, ഉയർച്ചനേടിയ അനുയായികൾക്ക്, ബോധിസത്വസങ്കല്പം പ്രദാനം ചെയ്യുമ്പോൾ, മറുവശത്ത്, സാധാരണക്കാരന്, പ്രതീക്ഷയുടെ, പ്രത്യാശയുടെ ഇരു മതം വാഗ്ദാനം ചെയ്യുന്നു. നിത്യജീവിതതിലെ വിഷമതകളിൽ‌ തളർന്നു വീഴുന്നവർ, കരുണയുടെ, സഹായത്തിന്റെ സുനിശ്ചിതമായ ഒരു ഉറവിടം ആഗ്രഹിക്കുന്നു. അയാൾ ഈശ്വരനിലേക്കു തിരിയുന്നു. താത്വികമായ, സ്വാശ്രയാടിസ്ഥാനത്തിലുള്ള പഴയ മതം, അവന് തണുത്ത ആശ്വാസം മാത്രമാണു നൽ‌കുന്നത്. നിസ്സഹായരായ ആയിരങ്ങൾക്ക്, മഹായാനം ആശ്വാസം നൽകുന്നു; ദുരിതമനുഭവിക്കുന്നവരെയെല്ലാം ബുദ്ധന്റെ കണ്ണുകൾ ജാഗ്രതയോടെ വീക്ഷിക്കുന്നുവെന്ന് പ്രത്യാശ നൽകുന്നു. ബുദ്ധനെ, പരമാർ‌ത്ഥസത്യത്തിന്റെ ഒരവതാരമഅയി സങ്കല്പിച്ചിരിക്കുന്നു.ജാതകകഥകളിൽ ബുദ്ധന്റെ മുന്നവതാരങ്ങളെപ്പറ്റി വിവരിച്ചിട്ടുണ്ട്. വിവരണാതീതമായ ഒന്നായിട്ടാണ് പരമാർത്ഥസത്യത്തെ സങ്കല്പിച്ചിരിക്കുന്നത്. എന്നാൽ, ഈ ലോകത്തിൽ, ആ പരമസത്യം സ്വയം വെളിപ്പെടുത്തുന്നു എന്നും ലോകനിയന്താവായി (ധർ‌മ്മകായൻ) വർത്തിക്കുന്നു എന്നും സങ്കല്പിച്ചിട്ടുണ്ട്. ആ അർത്ഥത്തിൽ ബുദ്ധനെ അമിതാഭബുദ്ധൻ (Buddha of infinite light) എന്നും വിളിക്കുന്നു.ബുദ്ധനെ, അപ്രകാരം, ദൈവമായി സങ്കല്പിച്ചുകൊണ്ട്, ബുദ്ധമതം സ്വീകരിച്ച അനേകായിരങ്ങളുടെ മതപരമായ ആഗ്രഹങ്ങൾക്ക്, മഹായാനം നിവർത്തിയുണ്ടാക്കുന്നു.

വ്യക്തിസ്വത്വത്തിന്റെ പുനഃസ്ഥാപനം: പുരാതന ബുദ്ധിസത്തിലെ വ്യക്തിസ്വത്വനിഷേധമാണ് (Negation of individual self) സാധാരണ മനുഷ്യരിൽ ഭീതിയുളവാക്കുന്ന ഒരു കാര്യം. വ്യക്തിപരമായ ഒരു സ്വത്വം ഇല്ലെങ്കിൽ, പിന്നെ എന്തിനായിട്ടാണ് ഒരാൾ പരി‍ശ്രമിക്കേണ്ടത് ? വ്യക്തിപരമായ ഇടുങ്ങിയ അഹംഭാവമാണ് പിഴച്ചതെന്ന് മഹായാനം പറയുന്നു. വ്യക്തിപരമായ സ്വത്വങ്ങൾക്കു പിന്നിൽ ഒരു പരമമായ ഒരു സത്തയുണ്ട്, അതാണ് എല്ലാറ്റിന്റെയും സ്വത്വം. ഭക്തമഹായാനികൾക്ക് അവരുടെ സ്വന്തം സത്ത, വലിയ ഒന്നിൽ അപ്രകാരം പുനഃസ്ഥാപിച്ചു കിട്ടുകയും ചെയ്യുന്നു.

ഇന്ന്, പല രാജ്യങ്ങളിലമ്മുള്ള ബുദ്ധമതാനുയായികളെയും, അവരുടെ പൊതുവിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.

1. ഡോ. സതീഷ്ചന്ദ്ര ചാറ്റർജി. "ആൻ ഇൻ‌ട്രോഡക്ഷൻ ടു ഇൻ‌ഡ്യൻ ഫിലോസഫി" (in ഇംഗ്ലീഷ്). ന്യൂഡെൽഹി: രൂപ ആന്റ് കമ്പനി,. ISBN 978-81-291-1195-1. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, and |origdate= (help); Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: extra punctuation (link)

"https://ml.wikipedia.org/w/index.php?title=ബൗദ്ധദർശനം&oldid=4081596" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES
Idea 1
idea 1