പത്തൊമ്പതാം നൂറ്റാണ്ടിൽ ദില്ലിയിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഉർദു, പാഴ്സി കവിയും ഗസൽ രചയിതാവും സൂഫിയുമാണ് ഗാലിബ് എന്നപേരിൽ അറിയപ്പെടുന്ന മിർസ അസദുല്ല ഖാൻ അഥവാ മിർസ നൗഷ[1] (ജീവിതകാലം: 1797 - 1869). മിർസ ഗാലിബ് എന്നും ഗസലുകളുടെ പിതാവ് എന്നും അറിയപ്പെടുന്നു.

മിർസ അസദുല്ല ബൈഗ് ഖാൻ
മിർസ അസദുല്ല ബൈഗ് ഖാൻ
ജനനം(1797-12-27)27 ഡിസംബർ 1797
ആഗ്ര, മുഗൾ സാമ്രാജ്യം
മരണം15 ഫെബ്രുവരി 1869(1869-02-15) (പ്രായം 71)
ഡെൽഹി, പഞ്ചാബ്, ഇന്ത്യ
തൂലികാ നാമംആസാദ്, ഗാലിബ്
തൊഴിൽകവി
Periodമുഗൾ കാലഘട്ടം
Genreഗസൽ
വിഷയംസ്നേഹം, തത്ത്വചിന്ത

മിർസ ഗാലിബിന്റെ പിതാവും പിതാമഹനും തുർക്കി പ്രഭുവർഗ്ഗത്തിൽ ജനിച്ച പടയാളികളായിരുന്നു[2]. അബ്ദുള്ളാബേഗ് ഖാൻ എന്നായിരുന്നു പിതാവിന്റെ പേര്. മാതാവ് ഇസ്രത്തുന്നിസ. ഗാലിബിന് അഞ്ചുവയസ്സുള്ളപ്പോൾ തന്നെ അദ്ദേഹത്തിന്റെ അച്ഛനും എട്ടുവയസ്സുള്ളപ്പോള് അച്ഛന്റെ സഹോദരനും (നസറുള്ളാബേഗ് ഖാൻ) മരണമടഞ്ഞു. അതിനാൽ അമ്മയുടെ വീട്ടിലാണ് തന്റെ ബാല്യകാലം അദ്ദേഹം ചെലവഴിച്ചത്. ഏഴുവയസ്സ് തികയുന്നതിനുമുമ്പേ കവിതയെഴുതിത്തുടങ്ങിയ ഗാലിബ് പതിനൊന്നാം വയസ്സുമുതൽ മുശായിറകളിൽ പങ്കെടുത്തുതുടങ്ങി. മുപ്പതുവയസായപ്പൊഴേക്കും കവിയെന്ന നിലയിൽ അദ്ദേഹം വളരെയേറെ പ്രശസ്തനായിക്കഴിഞ്ഞിരുന്നു.[3]

കവിതാരചനയിൽ അദ്ദേഹത്തിന്റെ എതിരാളിയായിരുന്ന സൗഖ് 1854-ൽ മരിച്ചതിനുശേഷം ഗാലിബ് മുഗൾ ഡെൽഹിയിലെ ആസ്ഥാനകവിയായിരുന്നു. 1857-ലെ ലഹളക്കാലം, അതിനു ശേഷമുള്ള ബ്രിട്ടീഷുകാരുടെ ദില്ലി പിടിച്ചടക്കൽ, അതിനു ശേഷവുമുള്ള നഗരത്തിന്റെ നശീകരണം തുടങ്ങിയവയെക്കുറിച്ചുള്ള വിശദവും ശോകാത്മവുമായ വിവരണം ഇദ്ദേഹത്തിന്റെ രചനകളിലുണ്ട്.[4] ലളിതമായ ശൈലിയിൽ എഴുതുന്ന സൗഖിന്റെ രചനകളെ അപേക്ഷിച്ച് ഗാലിബിന്റെ രചനകൾ ഏറെ സങ്കീർണ്ണമാണെന്ന് വിലയിരുത്തുന്നു.[5] സൂഫിമാർഗ്ഗത്തിന്റെ വക്താവായിരുന്ന ഗാലിബ്, മൗലിക ഇസ്ലാമികനേതാക്കളെ തന്റെ രചനകളിൽക്കൂടി വിമർശിച്ചിരുന്നു.[6] അക്കാലത്തെ ഡെൽഹിയിലെ ഇസ്ലാമികപണ്ഡിതരിൽ നിന്ന് വ്യത്യസ്തമായി പാശ്ചാത്യ-ആധുനിക സാങ്കേതികവിദ്യകളോട് ഏറെ മതിപ്പുള്ളയാളായിരുന്നു ഗാലിബ്.[7]

വ്യക്തിജീവിതം

തിരുത്തുക

പതിമൂന്നാം വയസിലാണ് മിർസ ഗാലിബ് വിവാഹിതനായത്. ഏഴ് പുത്രന്മാരുണ്ടായെങ്കിലും എല്ലാവരും ശൈശവത്തിൽത്തന്നെ മരണമടഞ്ഞു. രണ്ട് ദത്തുപുത്രൻമാർ ഗാലിബിനുണ്ടായിരുന്നു.[8] ഗാലിബിന്റെ വ്യക്തിജീവിതം വളരെ കുത്തഴിഞ്ഞ നിലയിലായിരുന്നു. മദ്യപാനവും വ്യഭിചാരവും ചൂതുകളിയുമെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ചൂതുകളിച്ചതിന്റെ പേരിൽ അദ്ദേഹം തടവിലാക്കപ്പെട്ടിരുന്നു. എന്നാൽ ഇത്തരം സ്വഭാവദൂഷ്യങ്ങളിലൂടെയുള്ള ജീവിതാനുഭവങ്ങൾ ഒരു കവിക്ക് അത്യാവശ്യമാണെന്നായിരുന്നു ഗാലിബിന്റെ ഭാഷ്യം.[5]

ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്ന ഡെൽഹി കോളേജിൽ പേർഷ്യൻ അദ്ധ്യാപകനായി ഗാലിബിന് ജോലി ലഭിച്ചെങ്കിലും, ഇംഗ്ലീഷുകാർ തന്റെ പ്രഭുത്വത്തെ ബഹുമാനിക്കുന്നില്ലെന്ന പരാതിയിൽ അദ്ദേഹം അത് സ്വീകരിച്ചില്ല.[8]

ബ്രിട്ടീഷുകാരുടെ ഇന്ത്യൻ ഭരണകാലത്ത് ഗാലിബിന് ഒട്ടേറെ ദുരിതങ്ങളെ നേരിടേണ്ടി വന്നു. അക്കാലത്ത് ഡൽഹിയിലെ ഒരു തെരുവിൽ വസിച്ചിരുന്ന ഗാലിബ് തന്റെ ആ സമയത്തെ അനുഭവങ്ങൾ ദസ്തംബൂ എന്നു പേരുള്ള തന്റെ ഡയറിയിൽ വിവരിക്കുന്നുണ്ട്. തന്റെയും കുടുംബത്തെയും സമൂഹത്തെയും അയൽക്കാരെയും ഈ ഡയറിയിൽ ഗാലിബ് പരാമർശിക്കുന്നുണ്ട്.

മുഗൾ കുടുംബവുമായുള്ള ബന്ധങ്ങൾ

തിരുത്തുക

അവസാന മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറിന്റെ സഭയിലെ അംഗമായിരുന്നു ഗാലിബ്. എന്നാൽ ഗാലിബ് - സൗഖ് മൽസരത്തിൽ ചക്രവർത്തി സഫർ, സൗഖിന്റെ പക്ഷത്തായിരുന്നു. സൗഖിന്റെ മരണശേഷം 1854-ലാണ് ഗാലിബ് മുഗൾ സഭയിലെ ആസ്ഥാനകവിയായത്.[9] സഫറിന്റെ ഏറ്റവും കഴിവുറ്റ പുത്രനായും ഭാവി ചക്രവർത്തിയുമായി അംഗീകരിക്കപ്പെട്ടിരുന്ന മിർസ ഫഖ്രു, ഗാലിബിന്റെ ശിഷ്യനായിരുന്നു. അവധിലെ നവാബ്, ഗാലിബിനെ അംഗീകരിച്ച് അദ്ദേഹത്തിന് പ്രതിമാസധനസഹായം നൽകിപ്പോന്നിരുന്നു.[8] അവധ് ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും, മിർസ ഫഖ്രു മരണമടയുകയും ചെയ്തതിനുശേഷം ബ്രിട്ടീഷുകാരോട് ഗാലിബ് സഹായാഭ്യാർത്ഥന നടത്തിയിരുന്നു. ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്റ്റോറിയക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തിരുന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല.[7]

ഗാലിബും മുഗൾ ചക്രവർത്തി ബഹാദൂർഷാസഫറും മാങ്ങ തീറ്റപ്രയരായിരുന്നു. ഇരുവരുടെയും മാങ്ങപ്രേമത്തെപ്പറ്റിയുള്ള രസകരമായ ഒരു സംഭവമുണ്ട്. മാമ്പഴക്കാലത്ത് ഒരു ദിവസം സഫറും ഗാലിബും ചെങ്കോട്ടയിലെ മെഹ്താബ് ബാഗിൽ നടക്കുകയായിരുന്നു. അവിടത്തെ മാമ്പഴങ്ങളെല്ലാം രാജകുടുംബാംഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു. ഗാലിബ് പഴുത്തുനിൽക്കുന്ന മാമ്പഴങ്ങൾ നോക്കുന്നതുകണ്ടപ്പോൾ സഫർ കാരണമാരാഞ്ഞു. "ഓരോ മാമ്പഴത്തിനു മുകളിലും അത് ആർക്കുവേണ്ടിയുള്ളതാണെന്ന് അവരുടെ അപ്പനപ്പൂപ്പൻമാരുടെ പേരടക്കം എഴുതിവച്ചിട്ടുണ്ടെന്ന്" പണ്ടേതോ കവി എഴുതിയിട്ടുണ്ടെന്നും ഏതെങ്കിലും മാമ്പഴത്തിൽ തന്റെയോ പൂർവികരുടെയോ പേരുണ്ടോ എന്നു നോക്കുകയായിരുന്നു ഗാലിബ് പ്രതിവചിച്ചു. ഗാലിബിന്റെ തമാശയിൽ സന്തുഷ്ടനായ സഫർ ഒരു വലിയ വട്ടി നിറയേ നല്ല മാമ്പഴങ്ങൾ ഗാലിബിന് കൊടുത്തയച്ചു.[10]

 
മിർസ ഗാലിബിന്റെ ശവകുടീരം
  1. ലാസ്റ്റ് മുഗൾ[൧], താൾ: 35
  2. എ.ഡി മാധവൻ (2006). ചുപ്കേ ചുപ്കേ രാത് ദിൻ. കോഴിക്കോട്: ഒലിവ്. p. 89.
  3. കെ.പി,എ സമദ്. (2016). മിർസാ ഗാലിബ്. കോഴിക്കോട്: മാതൃഭൂമി ബുക്സ്. pp. 23–28. ISBN 978-81-8266-697-9.
  4. ലാസ്റ്റ് മുഗൾ[൧], താൾ: XVIII
  5. 5.0 5.1 ലാസ്റ്റ് മുഗൾ[൧], താൾ: 40-41
  6. ലാസ്റ്റ് മുഗൾ[൧], താൾ: 80
  7. 7.0 7.1 ലാസ്റ്റ് മുഗൾ,[൧] താൾ: 131 - 132
  8. 8.0 8.1 8.2 ലാസ്റ്റ് മുഗൾ,[൧] താൾ: 129
  9. ലാസ്റ്റ് മുഗൾ,[൧] താൾ: 130
  10. ലാസ്റ്റ് മുഗൾ,[൧] താൾ: 109

കുറിപ്പുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗാലിബ്&oldid=3827803" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES