തത്ത്വചിന്ത, വിശകലനമനശാസ്ത്രം, തർക്കശാസ്ത്രം, ദൈവശാസ്ത്രം എന്നിവയിലെ ഒരു പ്രധാന സംജ്ഞയാണ്‌ ലോഗോസ്. തുടക്കത്തിൽ വചനം, കണക്ക്, യുക്തി എന്നീ അർത്ഥങ്ങൾ കല്പിക്കപ്പെട്ടിരുന്ന ഈ ഗ്രീക്ക് പദം[1] യവനചിന്തകനായ ഹെരാക്ലിറ്റസിന്റെ കാലം(സു:ക്രി.മു. 535–475) മുതൽ തത്ത്വചിന്തയിലെ ഒരു സാങ്കേതികസംജ്ഞയായിത്തീർന്നു. പ്രപഞ്ചത്തിലെ ക്രമത്തിന്റേയും അറിവിന്റേയും പിന്നിലുള്ള തത്ത്വത്തെ സൂചിപ്പിക്കാനാണ്‌ ഹെരാക്ലിറ്റസ് ഈ പദം ഉപയോഗിച്ചിരുന്നത്. [2]

ലോഗോസ് എന്ന വാക്ക് ഗ്രീക്ക് അക്ഷരങ്ങളിൽ


സോഫിസ്റ്റുകൾ, സം‌വാദം എന്ന അർത്ഥത്തിൽ ഈ വാക്ക് ഉപയോഗിച്ചിരുന്നു. അരിസ്റ്റോട്ടിൽ പോലും ആ അർത്ഥത്തിൽ ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ സ്റ്റോയിക്ക് ചിന്തകന്മാർ, പ്രപഞ്ചത്തെ പുണർന്നുനിന്നു ചൈതന്യം പകരുന്നതായി കരുതപ്പെടുന്ന ദൈവികതത്ത്വത്തെ സൂചിപ്പിക്കാൻ ഈ വാക്കുപയോഗിച്ചു. യഹൂദമതം യവനചിന്തയുടെ പ്രഭാവത്തിൽ വന്നപ്പോൾ, അലക്സാണ്ഡ്രിയയിലെ യഹൂദചിന്തകൻ ഫിലോ(സു: ക്രി.മു. 20–ക്രി.വ. 40) വഴി ഈ പദം യഹൂദദർശത്തിലേയ്ക്കു കടന്നു വന്നു.[3] പുതിയനിയമത്തിലെ യോഹന്നാന്റെ സുവിശേഷം ലോഗോസിനെ, എല്ലാവസ്തുക്കളുടേയും സൃഷ്ടിക്കു പിന്നിലുള്ള ദൈവമായി (തിയോസ്‌),[4] തിരിച്ചറിയുകയും യേശുവിനെ അതിന്റെ മനുഷ്യാവതാരമായി ചിത്രീകരിക്കുകയും ചെയ്തു.

ആധുനിക കാലത്ത് ലോഗോസ് എന്ന പദം, മുകളിൽ പറഞ്ഞ അർത്ഥങ്ങളിൽ ഏതെങ്കിലും ഒന്നിനെ സൂചിപ്പിക്കുന്നതാകാം. എന്നാൽ അക്കാദമിക വൃത്തങ്ങൾക്കു പുറത്ത് ഈ പദം ഇന്ന് ഏറെയും ഉപയോഗിക്കപ്പെടുന്നത്, അതിന്റെ ക്രിസ്തീയ അർത്ഥത്തിൽ, മാംസരൂപമെടുത്ത ദൈവവചനമായ യേശുവിനെ സൂചിപ്പിക്കാനാണ്‌‌.

  1. Henry George Liddell and Robert Scott, An Intermediate Greek-English Lexicon: logos, 1889.
  2. Cambridge Dictionary of Philosophy (2nd ed): Heraclitus, 1999.
  3. Cambridge Dictionary of Philosophy (2nd ed): Philo Judaeus, 1999.
  4. May, Herbert G. and Bruce M. Metzger. The New Oxford Annotated Bible with the Apocrypha. 1977.
"https://ml.wikipedia.org/w/index.php?title=ലോഗോസ്&oldid=1695454" എന്ന താളിൽനിന്ന് ശേഖരിച്ചത്
  NODES